
കാസർകോട്: ഡോക്ടറെ കബളിപ്പിച്ച് 2.23 കോടി രൂപ തട്ടിയെടുത്ത പ്രധാനപ്രതിയെ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഫുഡ‍് ഡെലിവറി ഏജന്റും ബൈക്ക് ടാക്സി ഡ്രൈവറുമായ സുനിൽ കുമാർ ജെൻവറിനെ (24)യാണ് രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും പിടികൂടിയത്. ഡോക്ടറെ ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ട് പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് 2,23,949,93 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം വി ശ്രീദാസൻ , എ എസ് ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, ദിലീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടാനായി രാജസ്ഥാനിലെത്തിയത്. പ്രതിയെ തേടി ബാങ്കിൽ നൽകിയ രാജസ്ഥാനിലെ വിലാസത്തിൽ എത്തിയപ്പോൾ പ്രതി താമസം മാറിയതായി മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഭഗത് കി കോതി പൊലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ അഞ്ചിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് കണ്ടെത്തി.അവിടെവച്ചാണ് അറസ്റ്റ് ചെയ്തത്.