
നീലേശ്വരം:പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ എത്തിയ ലോറി ഡ്രൈവറുടെ അക്രമത്തിൽ എസ്ഐക്കും പോലീസുകാരനും പരിക്ക് . നീലേശ്വരം പോലീസ് സ്റ്റേഷനിലെ എസ് ഐ അരുൺ മോഹൻ സിവിൽ പോലീസ് ഓഫീസർ നിധീഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ലോറി ഡ്രൈവർ ചായ്യോത്ത് മാനൂരി കിഴക്കേ വീട്ടിൽ ഗംഗാധരന്റെ മകൻ കെ വി സന്തോഷിനെ (40) അറസ്റ്റ് ചെയ്തു.ഇന്നലെസന്ധ്യക്ക് ഏഴരയോടെയാണ് സന്തോഷ് പരാതി നൽകാൻ ഉണ്ടെന്നും പറഞ്ഞ് നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തിയത്. പരാതി എഴുതി നൽകണമെന്ന് പിആർഒ എ എസ് ഐ പ്രകാശൻ ആവശ്യപ്പെട്ടപ്പോൾ മദ്യലഹരിയിലായിരുന്ന സന്തോഷ് പിആർഒയുടെ മുറിയിലെ കസേരയും മറ്റും വലിച്ചെറിഞ്ഞു.ശബ്ദം കേട്ട് ഓടിയെത്തിയ എസ് ഐ അരുൺ മോഹന്റെ കോളറിൽ പിടിക്കുകയും യൂണിഫോമിലെ നെയിം പ്ലേറ്റ് പിടിച്ചുപറിക്കുകയും അടിക്കുകയും ചെയ്തു. തടയാൻ ചെന്ന് ചെന്നപ്പോഴാണ് സിവിൽ പോലീസ് ഓഫീസർ നിതീഷിനെയും ആക്രമിച്ചത്. അരുൺ മോഹൻറെ കഴുത്തിനും നിതീഷിന്റെ കൈയ്ക്കും അക്രമത്തിൽ പരിക്കേറ്റു.മറ്റു പോലീസുകാർ ബലം പ്രയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ എസ്.ഐ യും പോലീസുകാരനും നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ നീലേശ്വരം എസ്.ഐ കെ വി രതീശൻ കേസെടുത്തു അന്വേഷണം ആരംഭിച്ചു.