
കാസർകോട്:ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുകാരനെയും യുവാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളായ സഹോദരങ്ങൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്നാട് അരിച്ചെപ്പ് പുളിക്കാൽ ഹൗസിൽ സുരേഷിന്റെ മക്കളായ ജിഷ്ണു സുരേഷ്, വിഷ്ണു സുരേഷ് എന്നിവർക്ക് വേണ്ടിയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 19ന് രാത്രി അരിചെപ്പിലെ ഫെമിനി ടീച്ചറുടെ വീട്ടിൽ മാരകായുധങ്ങളുമായി എത്തിയ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി അറിഞ്ഞെത്തിയ ബേഡകം എസ് ഐ എൻ രഘുനാഥനും സംഘത്തിനും നേരെയാണ് പ്രതികൾ അക്രമം നടത്തിയത്.അക്രമം തടയാൻ ശ്രമിച്ചപ്പോൾ നാട്ടുകാരനായ സരീഷിനെ പ്രതികൾ വെട്ടി പരിക്കേൽപ്പിക്കുകയും ഇത് തടയാൻ ശ്രമിച്ച പോലീസുകാരനായ സൂരജിനെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു .പിന്നീട് ഇവർ പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.തെക്കൻ ജില്ലയിൽ നിന്നും വർഷങ്ങൾക്കു മുമ്പ് മുന്നാട് അരിച്ചെപ്പിലെത്തി കുടിയേറി താമസിച്ചവരാണ് പ്രതികൾ.