The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും

സുറാബ്

ജന്മനാട്ടിൽ തുടർജീവിതം നയിക്കാൻ കഴിയാത്തവരാണ് പലരും. ഏറിയ പേരും മറ്റൊരിടത്ത് കുടിയേറിപ്പാർക്കുന്നു. ഉത്തര മലബാറിലെ മുസ്ലിംജീവിതം പരിശോധിച്ചാൽ ഇതൊരു തുടർക്കഥപോലെ വായിക്കാം.

കുട്ടിക്കാലം. ജന്മഗൃഹം. മാതാപിതാക്കളുടെ ലാളന. നോമ്പ്, പെരുന്നാൾ, ആഘോഷങ്ങൾ. പഠിച്ച വിദ്യാലയം. കളിച്ച മൈതാനം. തലകുത്തി മറിഞ്ഞ കുളം. കല്ലെറിഞ്ഞ മാവ്. കണ്ണുപൊത്തിയ, തൊട്ടുകളിച്ച ഇടവഴികൾ. വളർന്നപ്പോൾ ഇതൊക്കെ ഉപേക്ഷിക്കേണ്ടി വരുന്നത് എത്ര പെട്ടെന്ന്. മാതാപിതാക്കളുടെ കാലം കഴിയുന്നതോടെ പല തറവാടുകളും ഭാഗം വെയ്ക്കും. അതോടെ തീരുന്നു ബാല്യകൗമാരയൗവ്വന താളങ്ങൾ. കല്യാണം കഴിഞ്ഞ ആണുങ്ങൾ ഭാര്യാ വീടിനടുത്തുതന്നെ പുതിയ സ്ഥലം വാങ്ങും. വീട് പണിയും. പെണ്ണുങ്ങൾ ഭർത്താവിന്റെ നാട്ടിലും. ഇങ്ങനെ തറവാട് കൈമോശം വരുന്നതോടെ സ്വന്തം നാട് ഓരോരുത്തർക്കും അന്യായപ്പെടുന്നു. പകരം അവിടെ പുതിയവർ എത്തിച്ചേരുന്നു. ഒറ്റ നോട്ടത്തിൽ മബാറിന്റെ ജീവിതദൃശ്യം.

സ്വന്തം നാട്ടിൽനിന്ന് ഏകദേശം 22 കിലൊ മീറ്റർ ദൂരമുണ്ട് എന്റെ സഹവാസത്തിന്. യാദൃച്ഛികം. അല്ലെങ്കിൽ സാഹചര്യം. ഓർക്കുമ്പോൾ ഉമ്മയെയും ഉപ്പയെയും അവസാനമായി ഒരു നോക്കു കാണാൻ വിധിയില്ലാതെപോയ ഹതഭാഗ്യൻ. എന്നെപ്പോലെ ലോകത്ത് ഇങ്ങനെ എത്രയെത്ര മക്കളുണ്ടാകും, കണ്ണടച്ചിട്ടും മാതാപിതാക്കളെ കാണാൻ കഴിയാതെപോയവർ. ഒരുപക്ഷെ വിദേശവാസമാകാം, ജീവിതമാകാം അതിനൊക്കെ കാരണങ്ങൾ. കണ്ണടക്കുമ്പോഴും എല്ലാ ഉമ്മമാരും പ്രാർത്ഥിച്ചിട്ടുണ്ടാവുക അവരുടെ മക്കൾക്കു വേണ്ടിയായിരിക്കും.

1980 ലെ ഒരു മഴക്കാലത്താണ് ഉപ്പ മരിച്ചത്. ഇടിയും മിന്നലുമുള്ള കോരിച്ചൊരിയുന്ന മഴക്കാലത്ത്. അപ്പോൾ മരുഭൂമിയിൽ പൊള്ളുന്ന വെയിലായിരുന്നു. യു എ ഇ യിൽ സ്പോൺസറുടെ കീഴിൽത്തന്നെ ജോലി ചെയ്യണമെന്ന നിയമം വന്നു. അതിനു മുമ്പ് വിസയും പാസപോർട്ടും ഉണ്ടായാൽ മതി. ആരുടെ കീഴിലും ജോലി ചെയ്യാം. അന്ന് ഒരു കത്തെഴുതി മറുപടി കിട്ടാൻ ഒന്നരമാസമെങ്കിലും വേണ്ടി വരും. ഫോൺ വ്യാപകമല്ല. ട്രങ്കോൾ ബുക്ക് ചെയ്തു കാത്തിരിക്കണം. കാത്തിരിപ്പിനൊടുവിൽ കിട്ടിയാൽ സംഭാഷണം പൂർത്തിയാവില്ല. എളുപ്പം മുറിഞ്ഞുപോകും.

2015 ലാണ് ഉമ്മയും നഷ്ടപ്പെട്ടത്. അതും ഒരു മഴക്കാലത്ത്. അങ്ങനെ മഴക്കാലം ദുഃഖവസ്ത്രമുടുത്ത് വീട്ടിൽ കയറുന്നു. അപ്പോഴും ഞാൻ പ്രവാസത്തിലായിരുന്നു. അവിടുത്തെ സർവീസ് കഴിഞ്ഞ് മടങ്ങി വരാനുള്ള ഒരുക്കത്തിൽ. ഉമ്മക്ക് നല്ല സുഖമില്ല. അർ‍ബുദം. മംഗലാപുരത്തെ ചികിത്സ. എന്നാൽ ആരേയും ശല്യപ്പെടുത്താതെ മരുന്നിനും ചികിത്സക്കും കീഴടങ്ങാതെ ഉമ്മ എളുപ്പം പോയിക്കളഞ്ഞു. ഇതിനകം പാസപോർട്ട് എടുത്തിരുന്നു. മക്കത്തുപോയി ഉംറ നിർവഹിക്കണമെന്ന ആഗ്രഹത്തിൽ. അതും ബാക്കിയായി.

ചെറിയ പെരുന്നാൾ. അതിന്റെ മൂന്നാം നാളിലാണ് ഉമ്മ കണ്ണടച്ചത്. ഓരോ ചെറിയ പെരുന്നാൾ വരുമ്പോഴും ഒപ്പം ഉമ്മയും വരുന്നു. തീരാ നോവുമായി. ആ പെരുന്നാളിന് എല്ലാവരേയും വിളിച്ചു. ഈദാശംസ പറഞ്ഞു. ഉമ്മയെ കിട്ടിയില്ല. രണ്ട് ദിവസം കഴിഞ്ഞ് വിളിക്കാമെന്ന് കരുതി. നാം കരുതുന്നതും കരുതിവെയ്ക്കുന്നതുമല്ല ജീവിതം. അതാരേയും കാത്തിരിക്കുന്നില്ല.

വീണ്ടും പെരുന്നാൾ വരുന്നു. നഷ്ടപ്പെട്ടുപോയ തറവാടും കൂട്ടുകുടുംബവും പഴയ കാലവും പുത്തൻ കുപ്പായവും ആഘോഷവും കടന്നു വരുന്നു. ചോറ് വിളമ്പട്ടെ എന്നു ചോദിച്ചു ഒപ്പം ഉമ്മയും.

Read Previous

തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.

Read Next

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73