
രാജപുരം എണ്ണപ്പാറ മൊയോലത്തെ ആദിവാസി പെൺകുട്ടി തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ സ്വദേശിയായ ബിജു പൗലോസിനെയാണ് 15 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണപ്പാറ, മൊയോലം സ്വദേശിയാണ് പെണ്‍കുട്ടി.പാണത്തൂർ, ബാപ്പുങ്കയം സ്വദേശിയും നിർമ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2010 ജൂൺ ആറിനാണ് 17 വയസുകാരിയെ കാണാതായത്. പിന്നീട് 15 വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ അച്ഛൻ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് 2021ൽ കുടുംബം ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തു. തുടർന്ന് കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാറിനായിരുന്നു ചുമതല. രേഷ്മയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന് പ്രതിസ്ഥാനത്തുള്ള ബിജു പൗലോസ് നൽകിയ മൊഴി മാത്രമാണ് പൊലീസിന്റെ കണ്ടെത്തൽ
ഇതിന് തെളിവുകളോ സാക്ഷികളോ ഇല്ല. അതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാനും സാധിച്ചില്ലെന്ന് അന്വേഷണ സംഘം ആദ്യഘട്ടത്തിൽ കോടതിയെ അറിയിച്ചു. അന്വേഷണം തൃപ്തികരമെല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 2024ൽ ഡിസംബറിൽ കുടുംബം വീണ്ടും കോടതിയിൽ പരാതി നൽകി. തുടർന്നാണ് കോടതി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ച് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് നോർത്ത് സോൺ ഐജി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
ഏറ്റവും ഒടുവിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ബിജു പൗലോസിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അജാനൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ട പെണ്‍കുട്ടിയെ പാണത്തൂർ, പവിത്രം കയ പുഴയിൽ തള്ളിയെന്നാണ് ബിജു അന്വേഷണ സംഘത്തിനു മൊഴി നൽകിയത്. എന്നാൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയിരുന്നു. അജ്ഞാത മൃതദേഹമെന്ന നിലയിൽ സംസ്‌കരിക്കുകയും ചെയ്‌തിരുന്നു. മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത ക്രൈം ബ്രാഞ്ച് സംഘം നടത്തിയ ഡിഎൻഎ പരിശോധനയാണ് പ്രതിയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്.