
നീലേശ്വരം:ആദ്യമായി കേരളത്തിലേക്കുള്ള യാത്രയിൽ തന്നെ തെയ്യക്കാഴ്ച്ച സാധ്യമായതിന്റെ നിർവൃതിയിലാണ് യു കെയിൽ നിന്നുള്ള 22 അംഗ സംഘം.17 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ മൂന്നാം ദിനത്തിൽ സന്ധ്യയോടെയാണ് സംഘം കഴകത്തിലെത്തിയത്.
ഇന്ത്യൻ വംശജയും യു കെ താമസക്കാരിയുമായ ചാന്ദിനിയുടെ യോഗ റിട്രീറ്റിന്റെ നേതൃത്വത്തിലാണ് സംഘം കേരളത്തിലെത്തിയത്. നീലേശ്വരം ഹെർമിറ്റേജിലേക്കെത്തിയ സംഘം പെരുങ്കളിയാട്ടത്തെക്കുറിച്ചറിഞ്ഞ് ജനറൽ മാനേജർ ജയന്റെ കൂടെയാണ് ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രത്തിൽ ദർശനം നടത്തി പുലിയൂർ കണ്ണൻ വെള്ളാട്ടവും കാലിച്ചാൻ ദൈവവും കാണുകയും ചെയ്തു.ആദ്യമായാണ് കേരളത്തിലേക്ക് എത്തുന്നതെന്നും അ യാത്രയിൽ തന്നെ ഒരുപാട് കേട്ടറിഞ്ഞ തെയ്യത്തെ കാണാനും മനസിലാക്കാനും പറ്റിയതിൽ സന്തോഷമുണ്ടെന്നും സംഘാംഗങ്ങൾ പറയുന്നു.ഇന്ത്യയുടെ പല ഭാഗങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും തെയ്യം ഒരു ആഗ്രഹമായിരുന്നുവെന്നും പെരുങ്കളിയാട്ടത്തെക്കുറിച്ച് മനസിലാക്കിയപ്പോൾ ആദ്യ തെയ്യക്കാഴ്ച്ച ഇത്തരം വലിയൊരു ചടങ്ങിൽ തന്നെ ആയതിൽ വലിയ സന്തോഷമുണ്ടെന്നും ടീം ലീഡർ കൂടിയായ ചാന്ദിനി പറയുന്നു.യു കെ, ജർമ്മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുൾപടെ 22 പേർ അടങ്ങുന്നതായിരുന്നു സംഘം.