
പാലക്കാട് കോട്ടായിയിൽ വെടിക്കെട്ടിനിടെ അപകടം. പെരുംകുളങ്ങര ക്ഷേത്രത്തിൽ വിഷു വേലയ്ക്കിടെയാണ് വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായത്. വേല കാണാനെത്തിയ ആറ് പേർക്ക് പരിക്കേറ്റു. രാത്രി 9.45 ഓടെയാണ് സംഭവം. വെടിക്കെട്ട് അവസാന ലാപ്പിലേക്ക് കടന്നപ്പോൾ ഓലപ്പടക്കത്തിൽ നിന്നും വെടിമരുന്ന് സൂക്ഷിച്ച കൂത്തുമാടത്തിലേക്ക് തീപടരുകയായിരുന്നു. പിന്നാലെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. പടക്കങ്ങൾ സൂക്ഷിച്ച കൂത്തുമാടത്തിൻ്റെ മേൽക്കൂരയിലെ ഓട് തെറിച്ചാണ് പലർക്കും പരിക്കേറ്റത്. കൂത്തുമാടത്തിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നെങ്കിലും ഇവർ അടുത്തുള്ള ആശുപത്രികളിൽ നിന്നും പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. കൂടുതൽ പരിക്കേറ്റ ആറ് പേരെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയ്ക്ക് ശേഷം ഇവരും വീടുകളിലേക്ക് മടങ്ങി.