
നീലേശ്വരം: മാർക്കറ്റ് ജംങ്ഷനിൽ വെള്ളക്കെട്ട്. ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നതിനിടയിലാണ് തിങ്കൾ രാത്രി മുതൽ പെയ്ത മഴയിൽ വെള്ളം ഒഴുകി പോകാൻ വഴിയില്ലാതെ റോഡ് തോടായി മാറിയത്. ദേശീയ പാത നിർമാണത്തിനായി ഏർപ്പെടുത്തിയ അശാസ്ത്രീയ ക്രമീകരണമാണ് ഗതാഗത കുരുക്കിന് വഴിവെക്കുന്നത്. അടിപ്പാത നിർമാണവും ഇരുവശങ്ങളിലായി മേൽപ്പാലം നിർമാണവും നടക്കുന്ന ഇവിടെ ദിക്കറിയാതെ നട്ടംതിരിയുകയാണ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ. ചെറുവാഹനങ്ങൾ ചെളിവെള്ളത്തിൽ കുളിച്ചാണ് മാർക്കറ്റ് വഴി കടന്നു പോകുന്നത്. ഇരുചക്ര വാഹനയാത്രക്കാർക്കാണ് ഏറെ ബുദ്ധിമുട്ട്. കോട്ടപ്പുറം ഭാഗത്തേക്കുള്ള റോഡും സർവീസ് റോഡുകളും തിരിച്ചറിയാതെ വാഹനങ്ങൾക്ക് വഴിതെറ്റുന്നത് പതിവായതിന് പിന്നാലെയാണ് ഇവിടുത്തെ വെള്ളകെട്ട്. നീലേശ്വരം പാലത്തിൻ്റെ അപ്രോച്ച് റോഡിനായി കൂട്ടിയിട്ട മണ്ണ് മഴയിൽ ഒലിച്ച് റോഡിലെ വെള്ളക്കെട്ടിലേക്കാണ് താഴുന്നത്. നീലേശ്വരം പാലം മുതൽ തെക്കോട്ട് കരുവാച്ചേരി വരെ പല സ്ഥലത്തും വെള്ളകെട്ടുണ്ട്. ഇതിനു പുറമെ ഓവുചാലിനായും ഡിവൈഡർ നിർമ്മാണത്തിനുമായി എടുത്ത കുഴികളിൽ വെള്ളം നിറഞ്ഞ് കുഴികൾ തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. വാഹനങ്ങൾ ഈ കുഴികളിൽ വീണ് വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയ പാത നിർമ്മാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻ അധികൃതരെ മുൻകൂട്ടി കാര്യങ്ങൾ ധരിപ്പിച്ചിരുന്നെങ്കിലും വേണ്ട നടപടികൾ എടുത്തില്ലെന്ന് സ്ഥലത്തെ കച്ചവടക്കാർ പറഞ്ഞു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളൊ സൂചനാ ബോർഡുകളൊ ഈ ഭാഗങ്ങളിൽ ഒരുക്കിയിട്ടില്ല.