
കാഞ്ഞങ്ങാട് : നോർത്ത് കോട്ടച്ചേരി പത്മ ക്ലീനിക്കിൽ പ്രസവത്തിന് പ്രവേശിക്കപ്പെട്ട ചേറ്റുകുണ്ടിലെ ഗൾഫുകാരൻ സാഗറിന്റെ ഭാര്യ ദീപയും നവജാതശിശുവും മരണപ്പെട്ട സംഭവത്തിൽ രാസപരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധിച്ചും, ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണമെന്നും ഡോക്ടർ ഇനി പ്രസവ ചികിത്സ നടത്താൻ പാടില്ലായെന്നാവശ്യപെട്ടുകൊണ്ടും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്മ ആശുപത്രിക്ക് മുന്നിൽ 12 മണിക്കൂർ നിരാഹാര സമരം നടത്തി.
രാവിലെ 8 മണിക്ക് ആരംഭിച്ച നിരാഹാര സമരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഗീതാ കൃഷ്ണൻ ഉദ്ഘടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റും ആക്ഷൻ കമ്മിറ്റി ചെയർമാനുമായ എം കുമാരൻ അധ്യക്ഷനായി. ആക്ഷൻ കമ്മിറ്റി കൺവീനർ പ്രശാന്ത് മുക്കൂട്, വർക്കിങ് ചെയർമാൻ നാസ്നിം ബഹാവ്, ട്രഷറർ സുകുമാരൻ പൂച്ചക്കാട്, പഞ്ചായത്ത് മേമ്പർ അബ്ബാസ് തെക്കുപുറം വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി കെ അബ്ദുള്ള, ഗോപാലകൃഷ്ണൻ തച്ചങ്ങാട്, സത്യൻ പൂച്ചക്കാട്, സുധാകരൻ പള്ളിക്കര, അരുണൻ ചേറ്റുകുണ്ട്, പ്രീതി വിജയൻ. ഫയാസ് അഹമ്മദ് എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളും നാട്ടുക്കാരും സമരത്തിൽ പങ്കെടുത്തു
ദീപ മാസങ്ങളോളം പത്മ ഹോസ്പിറ്റലിൽ ഗൈനക്കോളോജിസ്റ്റ് ഡോക്ടർ രേഷ്മയുടെ ചികിത്സയിലായിരുന്നു. അപ്പോയൊന്നും എന്തെങ്കിലും രോഗമുള്ളതായി ഡോക്ടർ മുന്നറീപ്പ് നൽകിയിരുന്നില്ല. പ്രസവത്തിന് ശേഷം കുട്ടി മരിച്ചതിനെ തുടർന്നാണ് പതിനായിരത്തിൽ ഒരാൾക്ക് പിടിപെടാറുള്ള രോഗം ദീപയെ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞ് തടിയൂരുകയായിരുന്നു. ദീപയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്.
ഇത്തരം തെറ്റായ തിരക്കഥ തയ്യാറാക്കിയ ഡോക്ടർക്കെതിരെയും ആശുപത്രിയി അധികൃതർക്കെതിരെയും ശക്തമായി പോരാടാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.