
കാസർകോട്: കോവിഡ് രോഗം ബാധിച്ചു ഗുരുതര നിലയിൽ കഴിയുന്നവർക്ക് അത്യവശ്യമായി നൽകാനുള്ള ഓക്സിജന് കടുത്ത ക്ഷാമം നേരിട്ട കാലത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തന രഹിതമായതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി. പി.എം കെയർ പദ്ധതി പ്രകാരം കാൽ കോടിയിലേറെ രൂപ ചിലവിൽ നിർമ്മിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തിക്കാത്തത് സംബന്ധിച്ച് അത് സ്ഥാപിച്ച നിർവ്വഹണ ഏജൻസിയിൽ നിന്ന് റിപ്പോർട്ട് തേടുന്നതിനും ലക്ഷകണക്കിന് രൂപ പാഴായി പോകുന്ന സാഹചര്യം തടയുന്നതിനും നടപടി സ്വീകരിക്കാൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ആശുപത്രിയുടെ ആവശ്യത്തിനായി പുതിയ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച അജണ്ട ചർച്ച ചെയ്യുന്നതിനിടെയാണ് മുമ്പ് സ്ഥാപിച്ച ഓക്സ്‌ജിൻ പ്ലാന്റ് പ്രവർത്തനരഹിതമായി കാൽ കോടിയോളം രൂപയുടെ പദ്ധതി പാഴാകുന്ന വിഷയം യോഗത്തിൽ ഉയർന്നത്. നാല് വർഷത്തോളമായി ബന്ധപ്പെട്ടവർ ആരും തിരിഞ്ഞുനോക്കാതെ നിശ്ചലമായി കിടക്കുന്ന ഓക്സിജൻ പ്ലാന്റിന് വേണ്ടി ചിലവഴിച്ച 27.64 ലക്ഷം പാഴാക്കിയതിനെതിരെ നടപടി വേണമെന്ന് യോഗത്തിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സി.വി വാമനനും കെ. മുഹമ്മദ് കുഞ്ഞിയും ഉദിനൂർ സുകുമാരനും ശക്തമായി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അഡ്വ.എസ്.എൻ സരിതയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആശുപത്രി സൂപ്രണ്ട് ഡോ.എം.പി ജീജ റിപ്പോർട്ട് അവതരിപ്പിച്ചു. ഗൗരവമുള്ള വിഷയം ചർച്ച ചെയ്യുന്ന ഘട്ടങ്ങളിലെല്ലാം എം.എൽ.എ യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയർപേഴ്സണും കൂടി പങ്കെടുക്കുന്ന വിധത്തിൽ അവരുടെ സമയം കൂടി നോക്കി മാനേജിംഗ് കമ്മിറ്റി യോഗം വിളിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അംഗങ്ങളായ അഡ്വ. രാജ്‌മോഹൻ, പി.പി രാജു, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി പി രാജൻ, സുരേഷ് പുതിയടത്ത്, ഇബ്രാഹിം, ലേ സെക്രട്ടറി കെ രാജൻ എന്നിവരും ചുമതലയുള്ള ജീവനക്കാരും പങ്കെടുത്തു.