
നീലേശ്വരം : ഹൈവേ വികസനത്തിലെ പുതിയ നിർമ്മാണ പ്രവൃത്തികൾക്ക് അനുസൃതമായി ബലക്ഷയമുള്ള പഴയ പാലം പൊളിച്ച് നീക്കി പുതിയത് ഉയർത്തി നിർമ്മിക്കണമെന്ന് യു.ഡി.എഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പഴയ പാലം കാലപഴക്കം കൊണ്ട് ബലക്ഷയമുള്ളതാണ് എന്ന് 1997 ൽ തന്നെ നാഷണൽ ഹൈവേ അധികൃതർ കണ്ടെത്തിയതാണ്. മാത്രമല്ല സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം — ബേക്കൽ ദേശീയ ജലപാതയ്ക്ക് അനുയോജ്യമായ വിധം നീലേശ്വരത്തെ പാലം ഉയർത്തി നിർമ്മിക്കണമെന്ന് 2023 ൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥതല യോഗത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും, ഇൻലാൻ്റ് നാവിഗേഷൻ ഡയരക്ടറും, ചീഫ് എഞ്ചിനിയറും, നാഷണൽ ഹൈവേ റീജിയണൽ ഓഫീസർ തിരുവനന്തപുരവും തീരുമാനിച്ച് ധാരാണാ പത്രത്തിൽ ഒപ്പിട്ടിട്ടുള്ളതാണ്. വകുപ്പ് മേധാവികൾ ഒപ്പിട്ടിട്ടുള്ള ഈ ധാരാണാ പത്രത്തിൻ്റെ ലംഘനമാണ് ഹൈവേ അധികൃതർ നീലേശ്വരത്ത് നടത്തുന്നത്.
നാഷണൽ ഹൈവേ വികസനത്തിൽ നീലേശ്വരത്ത് ഉണ്ടാകുന്ന ദുരവസ്ഥയ്ക്കും, സഞ്ചാര സ്വാതന്ത്യ നിഷേധത്തിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ നഗരസഭാ യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീർ സമർപ്പിച്ച പരാതിയിന്മേൽ നാഷണൽ ഹൈവേ അധികൃതർ 24-04-2025 ന് സമർപ്പിച്ച മറുപടിയിൽ പഴയ പാലം നിലനിർത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്.
നാഷണൽ ഹൈവേ അധികൃതരുടെ നടപടി നീലേശ്വരത്തെ ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇ.എം. കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. എറുവാട്ട് മോഹനൻ സ്വാഗതം പറഞ്ഞു.മടിയൻ ഉണ്ണികൃഷ്ണൻ, പി.രാമചന്ദ്രൻ, എം. രാധാകൃഷ്ണൻ നായർ, ഇ ഷജീർ , റഫീഖ് കോട്ടപ്പുറം,സി. മുഹമ്മദ് കുഞ്ഞി, ഇ.കെ. അബ്ദുൾ മജീദ്, ഫുഹാദ് ഹാജി, സി. വിദ്യാധരൻ സംസാരിച്ചു.