
ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബുകള്‍ സ്ഥാപിക്കാന്‍ ജില്ലാ അവലോകന യോഗം തീരുമാനിച്ചു. 2024ലെ പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര തുകയായ 20 ലക്ഷം രൂപ ഉപയോഗിച്ചായിരിക്കും ലാബുകള്‍ സ്ഥാപിക്കുന്നത്. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയിലുളള 38 സൂചകങ്ങളുടെ പുരോഗതി അവലോകനം ചെയ്തതോടൊപ്പം, പുരസ്‌കാര തുകയുമായി ബന്ധപ്പെട്ട പ്രോജക്ട് പ്രൊപ്പോസലുകള്‍ക്കു അംഗീകാരവും നല്‍കി. ഭൂമിശാസ്ത്ര പഠനം കൂടുതല്‍ അനുഭവാത്മകവും ദൃശ്യവല്‍ക്കൃതവുമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബ്. മിനി തിയേറ്ററിന്റെ മാതൃകയില്‍ ലാബ് ക്രമീകരിക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്ക് വിഷയത്തെ ആഴത്തില്‍ മനസ്സിലാക്കാനും ആകര്‍ഷകമായ രീതിയില്‍ പഠിക്കാനും ഇത് സഹായകമാകും. ഭൂപടങ്ങള്‍, ത്രിമാന മാതൃകകള്‍, ഇന്ററാക്ടീവ് ഡിസ്പ്ലേകള്‍, ഡിജിറ്റല്‍ സംപ്രേക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവ ലാബിന്റെ ഭാഗമായി ഉള്‍പ്പെടുത്താനാണ് പദ്ധതി. യോഗത്തില്‍ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, മറ്റ് പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ-ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി രാജേഷ് യോഗത്തിന് സ്വാഗതം പറഞ്ഞു.