
കോഴിക്കോട്:വടകര ദേശീയ പാത മൂരാട് പാലത്തിനു സമീപം കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ രജനി (രഞ്ജിനി, 50), അഴിയൂർ കോട്ടാമല കുന്നുമ്മൽ ‘സ്വപ്നം’ വീട്ടിൽ ഷിഗിൽ ലാൽ (35), പുന്നോൽ കണ്ണാട്ടിൽ മീത്തൽ റോജ (56) എന്നിവരാണ് മരിച്ചത്. ചോറോട് കൊളക്കോട്ട് സത്യൻ, ചന്ദ്രി എന്നിവരെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ പകൽ 3.15 ഓടെയാണ് അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎ 02 എഇ 2679 കർണാടക രജിസ്ട്രേഷൻ ട്രാവലവും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 18 എഎഫ് 4090 നമ്പർ കാറുമാണ് കൂട്ടിയിടിച്ചത്. വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലേക്ക് പോയ വധുവിനെ സന്ദർശിക്കാൻ പോകവെയാണ് ബന്ധുക്കളായ കാറിലുണ്ടായിരുന്ന ആറംഗ സംഘം അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ വിനോദ സഞ്ചാരം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന കർണാട ഹസൻ സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ട്രാവലർ ഡ്രൈവർ കർണാടക ഹസൻ സ്വദേശി ലോകേഷ് (35), ദർശൻ (30), രാഘവേന്ദ്ര (34), അരുൺ കുമാർ (30), ജെ എൻ പ്രസന്ന (32), ജെ എം സാഗ്രി ഗൗഡ (38), ജി കെ
ബിലിജപ്പ (35), പ്രസന്ന കുമാർ (33), അൻജൻ (35) എന്നിവർക്കാണ് പരിക്കേറ്റത്.
ഇടിയുടെ അഘാതത്തിൽ കാറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദേഹങ്ങൾ വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബാലനാണ് മരിച്ച നളിനിയുടെ ഭർത്താവ്. മക്കൾ: ലിഗേഷ്, ലേഖ. സഹോദരങ്ങൾ: രമേശൻ, മഹേഷ്, ജയന്തി. രാജീവനാണ് രജനി (രഞ്ചിനി) യുടെ ഭർത്താവ്. മക്കൾ ഷാരോൺ, അലൈന. പരേതനായ പ്രഭാകരൻ്റ ഭാര്യയാണ് റോജ. മക്കൾ: പ്രണവ് (ദുബായ്), പ്രത്യുഷ് . പരേതനായ കരുണൻ്റയും വിജയിയുടെയും മകനാണ് ഷിഗിൽ ലാൽ. ഭാര്യ: അഷിത. മക്കൾ: ഇഫാൻ, ദയാൻ.
സഹോദരങ്ങൾ: ഷിബുലാൽ, ഷിജിന.