
എൻറെ ഭൂമി ഞാൻ ഉറപ്പാക്കി എന്ന ക്യാമ്പയിന്റെ ഭാഗമായി സീറോ ലാൻഡ് ലെസ്സ് പട്ടയം ലഭിച്ചവർക്ക് ഭൂമി കണ്ടെത്തി സ്കെച്ച് നൽകുന്നതിനുള്ള പദ്ധതിക്ക് ജില്ലാ ഭരണകൂടം രൂപം നൽകി.
സീറോ ലാൻഡ്‌ലെസ് പട്ടയങ്ങൾ ലഭിച്ചവർക്ക് സ്ഥലം സർവ്വേ ചെയ്തു സ്കെച്ച് ഉൾപ്പെടെ നൽകുന്നതിനുള്ള പദ്ധതിക്കാണ് ജില്ലാ ഭരണകൂടം രൂപം നൽകിയത് . ആദ്യഘട്ടത്തിൽ പുല്ലൂർ ,പെരിയ വില്ലേജുകളിലാണ് പദ്ധതി നടപ്പിലാക്കുക . ഇതിനകം ഡിജിറ്റൽ സർവ്വേ 90 ശതമാനം പൂർത്തിയാക്കിയ പെരിയ വില്ലേജിലും 50 ശതമാനം പൂർത്തിയാക്കിയ പുല്ലൂർ വില്ലേജിലും സീറോ ലാൻഡ്‌ലെസ് പട്ടിയങ്ങൾ ലഭിച്ചവർ അതാത് വില്ലേജ് ഓഫീസർമാരെ സന്ദർശിച്ച് ഫോം എട്ടിൽ അപേക്ഷ പൂരിപ്പിച്ച് പട്ടയത്തിന്റെ പകർപ്പ് സഹിതം ഈ മാസം 31നകം അപേക്ഷ നൽകേണ്ടതാണെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു
. ലഭിക്കുന്ന അപേക്ഷകൾ ഡിജിറ്റൽ സർവേ ടീമിന് കൈമാറി അപേക്ഷകരെ അവരുടെ ഭൂമി ബോധ്യപ്പെടുത്തി എൻറെ ഭൂമി പോർട്ടൽ വഴി സ്കെച്ച് തയ്യാറാക്കി നൽകുന്നതാണ്. സീറോ ലാൻഡ്‌ലെസ് ഭൂ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അവശേഷിക്കുന്ന വില്ലേജുകളിലും ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് വില്ലേജ് ഓഫീസർമാർക്ക് ഫോം എട്ടിൽ അപേക്ഷ നൽകി ഇതുപോലെ പരിഹാരം കണ്ടെത്താവുന്നതാണ് .നിലവിൽ ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വിവിധ വില്ലേജുകളിൽ സീറോ ലാൻഡ്‌ലെസ് ഭൂപ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് ഫോം എട്ടിൽ അപേക്ഷ നൽകി ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.