
കുവൈത്തിൽ മലയാളി നേഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മണ്ടളം സ്വദേശി കുഴിയാത്ത് സൂരജ്, എറണാകുളം പെരുമ്പാവൂർ മണ്ണൂർ സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിനടുത്ത് ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സൂരജ് സുർറ ജാബിർ അൽ അഹമ്മദ് ആശുപത്രിയിൽ ഐസിയു യൂനിറ്റിലും ബിൻസി സബ്ഹാൻ ജാബിർ അൽ അഹമ്മദ് മിലറ്ററി ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്. 10 വർഷത്തോളമായി ഇരുവരും കുവൈത്തിലുണ്ട്. ഇരുവർക്കും രണ്ടു കുട്ടികളുണ്ട്. കഴിഞ്ഞ ഈസ്റ്ററിന് നാട്ടിലെത്തിയ രണ്ടുപേരും കുവൈത്തിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പോകാനുള്ള വിസയും മറ്റു പേപ്പറുകളും റെഡിയാക്കി. ഇതിനായി രണ്ട് മക്കളെയും എറണാകുളത്തുള്ള ബിൻസിയുടെ വീട്ടിൽ ഏൽപ്പിച്ചാണ് കുവൈറ്റിലേക്ക് മടങ്ങിയത്. പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.