
അനുവദിച്ച ഭൂമി അളന്ന് തിരിച്ച് പ്ലോട്ട് നമ്പർ രേഖപ്പെടുത്തി പുതുക്കിയ സ്കെച്ച് നൽകുന്നതിന് ഉത്തരവായി ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അനുവദിച്ച ഭൂമി അളന്നുതിരിച്ച് പ്ലോട്ട് നമ്പർ രേഖപ്പെടുത്തി പുതുക്കിയ സ്കെച്ച് നൽകുന്നതിന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു.
പാക്കേജ് പ്രകാരം കാസർകോട് ജില്ലയിൽ അനുവദിച്ച ഭൂമി ഗുണഭോക്താക്കളുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമിട്ട് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കൈമാറിയിരുന്നു .ഈ ഭൂമി റവന്യൂ വകുപ്പിൽ പുനർ നിക്ഷിപ്തമാക്കി ഗുണഭോക്താക്കൾക്ക് നിലവിലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകുന്നതിന് 2021 മെയ് 10ന് ഉത്തരവായിരുന്നു.
ഹോസ്ദുർഗ് താലൂക്കിലെ പെരിയ വില്ലേജ് സർവേ നമ്പർ 341/ഒന്നിൽ ആണ് ഭൂമി അനുവദിച്ചത്. പട്ടയം അനുവദിച്ച 63 പേരിൽ പട്ടികജാതി വിഭാഗത്തിന് 0.50 ഏക്കർ വീതവും മറ്റു വിഭാഗങ്ങൾക്ക് 0.25 ഏക്കർ വീതവും അനുവദിച്ച് പട്ടയം നൽകി. ഈ പട്ടികയിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗത്തിന് 0.08 ഏക്കർ വീതം കിടപ്പാടത്തിനും 0.42 ഏക്കർ വീതം കാർഷിക ആവശ്യത്തിനും ആണ് അനുവദിച്ചത് .മറ്റു വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്ക് 0.08 ഏക്കർ വീതം കിടപ്പാടത്തിനും 0.17 ഏക്കർ വീതം കൃഷി ആവശ്യത്തിനും പട്ടയം നൽകുന്നതിന് സർക്കാർതലത്തിൽ തീരുമാനമായിരുന്നു.
ഇവിടെ പട്ടയം അനുവദിച്ചിട്ടുള്ള 63 ആളുകൾക്ക് കിടപ്പാടത്തിനായുള്ള 0.08 ഏക്കർ ഭൂമി മാത്രമേ നേരത്തെ അതിർത്തി നിർണയിച്ചു നൽകിയിരുന്നുള്ളൂ .എന്നാൽ പട്ടയത്തിൽ പ്ലോട്ട് നമ്പർ രേഖപ്പെടുത്തിയിരുന്നില്ല. പട്ടയത്തിൽ ഉൾപ്പെട്ട കൃഷിഭൂമി കൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളും പരാതികളും ലഭിച്ചിരുന്നു . പ്രസ്തുത പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാൻ കേരള ഹൈക്കോടതിയും സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർ കമ്മീഷനും നിർദ്ദേശിച്ചു.
ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് സബ് കലക്ടർ പെരിയ വില്ലേജിൽ പട്ടയം അനുവദിച്ച 63 പേരിൽ 58 പേർക്ക് കൃഷിക്കായി നീക്കിവെച്ച ഭൂമി അതിർത്തി നിർണയം നടത്തി ഫൈനൽ സ്കെച്ചിന്റെ അടിസ്ഥാനത്തിൽ റീ സർവ്വേ നടപടികൾ പൂർത്തിയാക്കി. ബാക്കിയുള്ള അഞ്ചുപേരിൽ നാലുപേർ മരണപ്പെട്ടതിനാൽ പട്ടയം കൈപ്പറ്റിയിട്ടില്ല
ഒരാൾ അസുഖം മൂലം കിടപ്പിലായതിനാൽ ഹാജരായിട്ടില്ല. 58 പേർക്ക് അനുവദിച്ച താമസ സ്ഥലത്തിന്റെയും കൃഷിക്കായി മാറ്റി വെച്ച ഭൂമിയുടെയും പ്ലോട്ടുകൾ ചേർത്ത് തയ്യാറാക്കിയ പട്ടികയാണ് കലക്ടർ അനുമതി നൽകി ഉത്തരവായത്.ഈ പ്ലോട്ടുകൾ അതിർത്തിനിർണയം നടത്തി നൽകിയിട്ടുണ്ട്. ചെങ്ങറ ഭൂസമരത്തിലെ ഗുണഭോക്താക്കൾക്ക് പെരിയ വില്ലേജിൽ പട്ടയം അനുവദിച്ചതിൽ കൃഷിക്കായി കണ്ടെത്തിയ സർവ്വേ നമ്പർ 341 / ഒന്നിൽ ഉൾപ്പെട്ട ഭൂമി ഭൂരിഭാഗവും കാഠിന്യമേറിയ ചെങ്കൽപ്പാറ പ്രദേശമായതിനാൽ കൃഷിക്കായി ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്ന് ഗുണഭോക്താക്കൾ അറിയിച്ചു .ഈ ഭൂമി കൃഷിഭൂമിയായി സ്വീകരിക്കാൻ ഗുണഭോക്താക്കൾ തയ്യാറായിരുന്നില്ല. ഭൂമി അതിർത്തി നിർണയം നടത്തി നൽകാതെ പട്ടയം അനുവദിച്ചത് സംബന്ധിച്ച പരാതികൾ ഗൗരവം നിറഞ്ഞതാണെന്ന് ബോധ്യപ്പെട്ടു.
ജില്ലയിൽ മറ്റൊരിടത്തും പ്രസ്തുത ആവശ്യത്തിനായി പതിച്ചു കൊടുക്കുന്നതിന് അന്യ കൈവശങ്ങൾ ഇല്ലാത്ത സർക്കാർ ഭൂമി യോ മിച്ച ഭൂമിയോ കണ്ടെത്താൻ സാധിച്ചിട്ടില്ല. ലഭ്യമായ ഭൂമി അതിർത്തി നിർണയം നടത്തി നൽകുന്നതിന് ഗുണഭോക്താക്കൾ സമ്മതം അറിയിച്ചു. ഈ പട്ടിക പ്രകാരം ഭൂമി അതിർത്തിനിർണയം നടത്തി സർവേയും ഭൂരേഖയും വകുപ്പ് പ്ലോട്ടുകൾ റീസർവ്വേ ചെയ്ത് നൽകി.
ചെങ്ങറ ഗുണഭോക്താക്കൾക്ക് പെരിയ വില്ലേജിൽ അനുവദിച്ച പട്ടയം സംബന്ധിച്ച് വിഷയം സർക്കാർ പ്രത്യേക പരിഗണന നൽകിയതാണ്.
ഈ സാഹചര്യത്തിലാണ് ചെങ്ങറ പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട താമസ ഭൂമിയുടെയും കൃഷിഭൂമിയുടെയും പ്ലോട്ടുകൾ രേഖപ്പെടുത്തിയ പട്ടിക ജില്ലാ കളക്ടർ അംഗീകാരം നൽകി ഉത്തരവായത് .
ഈ പട്ടികയിൽ പറഞ്ഞ പ്ലോട്ടുനമ്പറുകൾ അതാത് പട്ടികയിൽ രേഖപ്പെടുത്തി പുതുക്കിയ സ്കെച്ച് 15 ദിവസത്തിനകം ഹൊസ്ദുർഗ് തഹസിൽദാർ അനുവദിക്കേണ്ടതാണ് ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉത്തരവിൽ വ്യക്തമാക്കി.