
കേരള സർക്കാരിന്റെ ആദ്യ ദത്ത് പുത്രി പെരുമ്പള അണിഞ്ഞയിലെ ടി ശ്രീജ – സി പി വിനോദ് കുമാർ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിക്ക് മെയ് 25ന് മിന്നുകെട്ട്. ഗൾഫിൽ എൻജിനീയറായ പയ്യന്നൂർ എടാട്ട് പുതിയവീട്ടിൽ രാജീവൻ സജിത രാജീവ് ദമ്പതികളുടെ മകൻ അശ്വന്ത് രാജാണ് വരൻ. 25ന് ഞായറാഴ്ച രാവിലെ ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിൽ 11. 50 നും 12 .40 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് മിന്നുകെട്ട്.കാലവർഷം കലിതുള്ളി പെയ്ത 1994 ജൂലൈ 20ന് രാത്രി കൂറ്റൻ മാവ് വീടിനു മുകളിലേക്ക് കടപുഴകി വീണപ്പോൾ അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ട ശ്രീജ ലോകത്ത് തനിച്ചായി . അന്ന് കട്ടിലിനടിയിലായിരുന്ന ശ്രീജയെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിലൂടെയാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.
കുടുംബാംഗങ്ങളെല്ലാം നഷ്ടപ്പെട്ട് തനിച്ചായ ശ്രീജയെ നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അന്നത്തെ ജില്ലാ കലക്ടർ മാരപാണ്ഡ്യന്റെ ശുപാർശയിൽ മുഖ്യമന്ത്രി കെ കരുണാകരൻ സർക്കാറിന്റെ ആദ്യ ദത്തുപുത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.
പിന്നീട് വന്ന ഇ.കെ.നായനാർ സർക്കാർ ശ്രീജയ്ക്ക് വീടും സ്ഥലവും റവന്യു വകുപ്പിൽ ജോലിയും നൽകി. പിന്നീട് അധ്യാപകനായ വിനോദ് കുമാറുമായുള്ള വിവാഹവു നടത്തിക്കൊടുത്തതും സർക്കാർ തന്നെയായിരുന്നു. ശ്രീജ ഇപ്പോൾ ഹോസ്ദുർഗ് താലൂക്ക് ഓഫീസിൽ ക്ലർക്കാണ് . മകളുടെ വിവാഹം നടക്കുമ്പോൾ ശ്രീജ ഏറെ സന്തോഷ വതിയാണെങ്കിലും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന പിതൃതുല്യനായി സ്നേഹിക്കുന്ന മാരാ പാണ്ഡ്യൻ സാർ കല്യാണത്തിന് കൂടാനില്ലല്ലോ എന്ന സങ്കടം ശ്രീജ മറച്ചുവെച്ചില്ല.