
നീലേശ്വരം: പടന്നക്കാട് വൈദ്യുതി സെക്ഷനു കീഴിൽ നിരന്തരം ഉണ്ടാകുന്ന വോൾട്ടേജ് പ്രശ്നവും വൈദ്യുതടസ്സവും പരിഹരിക്കുന്നതിന് 33 കെ വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇ ചന്ദ്രശേഖരൻ എം എൽ എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. ഇതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാർ, വൈദ്യുതി വകുപ്പ് ജീവനക്കാർ, വില്ലേജ് ഓഫീസർ എന്നിവരുടെ സംഘം ഉചിതമായ സ്ഥലം കണ്ടെത്തും. കൂടാതെ ഭരണാനുമതി ലഭ്യമായ നീലേശ്വരം 33 കെ വി സബ് സ്റ്റേഷൻ 110 കെ വി സബ് സ്റ്റേഷൻ ആയി ഉയർത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കർമ്മ സമിതി ഇടപെടും. സീയാർത്തിങ്കര ട്രാൻസ്ഫോർമർ അടുത്ത ദിവസം തന്നെ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി. ആലാമിപള്ളി ഓവർ ഹെഡ് ലൈൻ എത്രയും വേഗം പൂർത്തീകരിച്ച് വൈദ്യുതി വിതരണം തടസ്സമില്ലാതെ വിതരണം ചെയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ എസ് ഇ ബി അധിക തർ യോഗത്തിൽ ഉറപ്പ് നൽകി. ഇ ചന്ദ്രശേഖരൻ എം എൽ എ വിളിച്ച് ചേർത്ത യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, വൈസ് ചെയർമാൻ ബിൽറ്റെക് അബ്ദുള്ള, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ എസ് ബി സുരേഷ് കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി പി ആശ, നഗരസഭ കൗൺസിലർമാരായ അനീശൻ, സി രവീന്ദ്രൻ, കെ വി സരസ്വതി, വി വി ശോഭ, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, ഫൗസിയ ഷെരീഫ്, കെ കെ ബാബു, ഭൂമി വിതരണ വകുപ്പ് സൂപ്രണ്ട് കെ ബാലകൃഷ്ണൻ, വില്ലേജ് ഓഫീസർ കെ രാജൻ, കെ എസ് ഇ ബി എഞ്ചിനിയർമാരായ ബി എൻ സവിത, ഒ വി രമേശൻ, കെ മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.