
കാഞ്ഞങ്ങാട്: നിലത്തിരുന്നും നിന്നും തിയറ്ററിനകത്ത് പ്രേക്ഷകർ തിങ്ങി നിറഞ്ഞ് പച്ചത്തെയ്യത്തെ മനം നിറഞ്ഞാസ്വദിച്ച് പ്രേക്ഷകർ. കാസർക്കോട് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കുട്ടികളുടെ സിനിമ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് ദീപ്തി തിയറ്ററിൽ പ്രദർശിപ്പിക്കുന്നുവെന്ന് അറിഞ്ഞ രാവിലെ ഏഴര മുതൽ പ്രേക്ഷകരുടെ ഒഴുക്കായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റുമുള്ള സിനിമയുടെ ഓരോ സീനും പ്രേക്ഷകരുടെ മനസ് നിറച്ചു . കുട്ടികളോടൊപ്പം ഇത് മുതിർന്നവരുടെ സിനിമ കൂടിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടികളെ എങ്ങിനെ വളർത്തികൂടായെന്നതിനും കുട്ടികൾ വീടുകളിൽ ഒറ്റപെടുമ്പോൾ അവർ എന്തായി തീരുമെന്നതിനും സാക്ഷ്യം പറയുന്നു പ്രമേയം. ഗെയിമറുടെ നിർദ്ദേശമനുസരിച്ച് പെരുമാറുന്ന കുട്ടി സ്വബോധത്തിലല്ലാതാകുന്നു. നിഷ്കളങ്കരായ കുട്ടികളെ പല വേഷങ്ങളിൽ വന്ന് ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ പ്രമേയമാണ് ചിത്രത്തിൽ . ആദ്യ പ്രദർശനം കാസർകോട് എം.പി. തിങ്ങിനിറഞ്ഞ സദസിൽ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ അഡ്വ.എസ്.എൻ. സരിത സ്വാഗതം പറഞ്ഞു. കാസർകോട് ഡി.ഡി.ഇ. മധുസൂദനൻ സംബന്ധിച്ചു . തിരക്കഥാകൃത്തും സംവിധായകനുമായ ഗോപി കുറ്റിക്കോൽ സംസാരിച്ചു. അഭിനയിച്ച 19 കുട്ടികളും അവരുടെ രക്ഷിതാക്കളും സിനിമ കാണാനെത്തി. സിനിമ സെൻസർ ചെയ്ത ശേഷം കൂടുതൽ ആളുകളിലേക്കെത്തിക്കുമെന്നും സ്കൂളുകളിൽ പ്രദർശിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി