പൂച്ചക്കാട് : സെക്രട്ടറിയേറ്റിൽ ഫയലുകൾ കൂമ്പാരമായി കെട്ടിക്കിടക്കുന്നുവെന്ന് പറഞ്ഞ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ബി എം ജമാൽ പറഞ്ഞു. ഓരോ ഫയലുകളും ഓരോ ജീവിതങ്ങൾ ആണെന്ന ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ കടമെടുത്തു തന്റേതെന്ന രീതിയിൽ കേരള സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് കയ്യടി നേടിയ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി പരാജയമാണെന്നതിനുള്ള തെളിവാണ് ഫയലുകൾ കൂമ്പാരമായി കിടക്കുന്നു എന്ന വെളിപ്പെടുത്തൽ എന്നും അദ്ദേഹം സൂചിപ്പിച്ചു.പള്ളിക്കര മണ്ഡലം പൂച്ചക്കാട് 17 ആം വാർഡ് മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ പി സി സി യുടെ ആഹ്വാന പ്രകാരമാണ് മഹാത്മാ ഗാന്ധി കുടുംബ സംഗമം നടന്നത്.
വാർഡ് കോൺഗ്രസ് പ്രസിഡന്റ് പ്രഭു മൊട്ടൻചിറ അധ്യക്ഷനായി. ഉദുമ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രവീന്ദ്രൻ കരിച്ചേരി, ട്രഷറർ സി എച്ച് രാഘവൻ, ജനറൽ സെക്രട്ടറി കണ്ണൻ കരുവാക്കോട്, കെ എസ് മുഹാജിർ, സി എച്ച് മധുസൂദനൻ, മുരളി മീത്തൽ, പി കൃഷ്ണൻ, ഗോപാലൻ മാക്കംവീട്, വിജയൻ മൊട്ടംചിറ, കുഞ്ഞാമദ് പൂച്ചക്കാട്, റഹീം പൂച്ചക്കാട്, അഷ്റഫ് പൂച്ചക്കാട് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മുതിർന്ന നേതാക്കളെ ആദരിച്ചു. ജില്ലാതല കായികമേളയിൽ ഡിസ്കസ് ത്രോയിൽ മികച്ച വിജയം നേടിയ അക്ഷയ് മുരളിക്ക് ഉപഹാരം നൽകി ആദരിച്ചു.