രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദമാക്കിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ തന്നെയാണ് ഇന്നും സൈനിക നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളോട് വിവരിച്ചത്. ഇന്ത്യയെ ലക്ഷ്യം വെക്കാന്‍ തുര്‍ക്കിയുടെ അസിസ്ഗാര്‍ഡ് സോണ്‍ഗാര്‍ ഡ്രോണ്‍ പാകിസ്താന്‍ ഉപയോഗിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യോമിക സിങ് പറഞ്ഞു.
മേയ് ഏഴ്, എട്ട് തിയതികളില്‍ രാത്രി പാകിസ്താന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളമുള്ള ഇന്ത്യന്‍ വ്യോമാതിര്‍ത്തി തുടര്‍ച്ചയായി ലംഘിച്ചു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. നിയന്ത്രണ രേഖയില്‍ ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു. 36 ലൊക്കേഷനുകളിലായി 300 – 400 ഡ്രോണുകള്‍ വിന്യസിച്ചു – കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി. ഇന്ത്യന്‍ സായുധ സേന ഈ ഡ്രോണുകളില്‍ പലതും കൈനറ്റിക്, നോണ്‍-കൈനറ്റിക് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തിയെന്നും അവര്‍ പറഞ്ഞു. പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്താന്‍ സൈന്യം ശ്രമിച്ചുവെന്നും വ്യക്തമാക്കി. ലേഹ് മുതല്‍ സിര്‍ ക്രീക്ക് വരെയുള്ള കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. സിവിലയന്‍ വിമാനങ്ങളെ പാകിസ്താന്‍ മറയാക്കി ഉപയോഗിക്കുന്നുവെന്ന് വ്യോമിക സിങ് പറഞ്ഞു. സിവിലിയന്‍ വ്യോമപാത അടയ്ക്കാതെയായിരുന്നു ആക്രമണം. സിവിലിയന്‍ വിമാനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കി ഇന്ത്യ തിരിച്ചടിച്ചു – അവര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ നഗരങ്ങള്‍, ജനവസ മേഖല, സൈനിക കേന്ദ്രങ്ങള്‍ പാകിസ്താന്‍ ലക്ഷ്യമിട്ടുവെന്ന് വിക്രം മിസ്രി പറഞ്ഞു. പാകിസ്താന്‍ നിരന്തരം നുണപ്രചാരണം നടത്തുന്നുവെന്നും മിസ്രി വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം അമൃത്‌സര്‍ പോലുള്ള നഗരങ്ങള്‍ ആക്രമിച്ചതിന് ശേഷം പാകിസ്താനെ കുറ്റപ്പെടുത്തിയെന്നുള്‍പ്പടെ ആരോപിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂഞ്ചിലെ നംഖാന സാഹേബ് ഗുരുദ്വാര ആക്രമിച്ചത് പാകിസ്താനാണ്. ശേഷം, ആക്രമിച്ചത് ഇന്ത്യയെന്നത് നുണപ്രചരണം നടത്തി. മതവിദ്വേഷമുണ്ടാക്കാനാണ് പാക് ശ്രമം – വിക്രം മിസ്രി വ്യക്തമാക്കി.