പയ്യന്നൂർ: മണിയറയിൽ നിന്നും ആദ്യ രാത്രി മോഷണം പോയ 30 പവൻ്റെ ആഭരണങ്ങൾ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 10.30 മണിയോടെയാണ് സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബേഗ് കണ്ടെത്തിയത്. പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം എസ്.ഐ.പി.യദു കൃഷ്ണനും സംഘവും നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് മോഷ്ടാവ് പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ മോഷ്ടാവ് സ്വർണ്ണാഭരണങ്ങൾ വീടിനു സമീപം ഉപേക്ഷിച്ചത്.സ്ഥലത്തേക്ക് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും എത്തിയിട്ടുണ്ട്. മോഷ്ടാവിനെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പയ്യന്നൂർ പോലീസ്.
കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുൻ്റെ ഭാര്യ കൊല്ലം തെക്കേവിളസ്വദേശിനി ആർച്ച എസ്.സുധി (27) യുടെ 30 പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്.ഇക്കഴിഞ്ഞമെയ് ഒന്നിന് വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നിന്നുംവിവാഹം നടന്ന ശേഷം ഭർതൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 30 പവൻ്റെ ആഭരണങ്ങൾ മോഷണം പോയെന്ന് കാണിച്ച് യുവതി പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർപോലീസ് എസ്.ഐ.പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധിക്കുകയും.പരാതിക്കാരിയിൽ നിന്നും വീട്ടുകാരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡോഗ്സ്ക്വാഡുംഫോറൻസിക് പരിശോധനയും നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. അന്ന് വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ കൊല്ലം തെക്കേവിളയിലെ ബന്ധുക്കളെയും ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ ഇൻഫോഴ്സിസ് സ്ഥാപനത്തിലെ സുഹൃത്തുക്കളെയും കണ്ടെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുമായി പോലീസ് സംഘം സ്ഥലത്തെത്തി ചോദ്യം ചെയ്തിരുന്നു.ഇതിനിടെയാണ് മോഷണം പോയആഭരണങ്ങൾ പോലീസ് കണ്ടെത്തിയത്.