
മടിക്കൈ: അള്ളട സ്വരൂപത്തിലെ തെയ്യങ്ങള്‍ക്കും കളിയാട്ടങ്ങള്‍ക്കും സമാപനം കുറിക്കുന്നതിന് മുന്നോടിയായുള്ള മടിയന്‍ കൂലോം കലശം 23, 24 നടക്കും. കലശത്തിലെ പ്രധാന കലശങ്ങളിലൊന്നായ മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കലശത്തിൻ്റെ പൂ പൊളിക്കൽ ചടങ്ങ് വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതൽ പൂത്തക്കാലിന് താഴെ മൂവാരിയടുക്കത്തുനിന്നും ആരംഭിക്കും. ആദ്യം ക്ഷേത്ര കൂട്ടായിക്കാരെ നിശ്ചയിക്കും. ഉടർന്ന് ചാലിൻ്റെ ഇരുകരകളിലൂടെ വാല്യക്കാരും കൂട്ടായിക്കാരും ചേർന്ന് പൂ പൊളിക്കും കലശം അലങ്കരിക്കാനുള്ള കമുകിൻ പൂക്കുലയാണ് പ്രധാനമായും ശേഖരിക്കുക. ഓരോ പറമ്പിലെയും ഒരു തെങ്ങിൽ നിന്ന് ആവശ്യ ഇളനീരും തേങ്ങയും പറിച്ചെടുക്കും. തുടർന്ന് മണ്ടോട്ട് അടിക്കണ്ടത്തിൽ ഇരുവിഭാഗവും കൂടിച്ചേരും. ഇവിടെ വെച്ച് ആചാര സ്ഥാനികർ വാല്യക്കാരിൽ നിന്നും കലശക്കാരെ നിശ്ചയിക്കും. തുടർന്ന് എല്ലാവരും ചേർന്ന് പൂവും ഇളനീരും തേങ്ങയും തല ചുമടായി തീയ്യർ പാലം കളരിയിൽ എത്തിക്കും ഇവിടെ നിന്നാണ് മഡിയൻ കലോത്തേക്ക് കലശം പുറപ്പെടുക 23 ന് അകത്തെ കലശവും, 24 ന് പുറത്തേകലശവും നടക്കും. ആചാരക്കാരും വാല്യക്കാരും ചേർന്ന് കാൽനടയായാണ് കൂലോത്തേക്ക് കലശം എത്തിക്കുക. മഡിയൻ കൂലോത്ത്
അകത്തെ കലശദിനമായ വെള്ളിയാഴ്ച രാത്രി മണാളന്‍, മണാട്ടി, മഞ്ഞാളമ്മ തെയ്യങ്ങള്‍ കെട്ടിയാടും. തീയ്യസമുദായത്തിന്റെ അടോട്ട് മൂത്തേടത്ത് കുതിര് മടിയൻ തണ്ടാൻ കളരി വയലില്‍ തണ്ടാൻ കളരി , കിഴക്കുകര ഇളയിടത്ത് കുതിര് മടിയൻ മനിയേതിൽ കളരി, മടിക്കൈ കളരികളിൽ നിന്നുള്ള കലശമെഴുന്നള്ളിപ്പും നടക്കും. പുറത്തെ കലശദിനമായ ശനിയാഴ്ച വൈകിട്ട് മൂന്നിന് ക്ഷേത്രപാലകനീശ്വരന്‍, കാളരാത്രിയമ്മ, നടയില്‍ഭഗവതി തെയ്യങ്ങള്‍ ക്ഷേത്രമുറ്റത്തെത്തും. തെയ്യങ്ങള്‍ക്കൊപ്പം അടോട്ട്, വയലില്‍, കിഴക്കുംകര, മടിക്കൈ കലശങ്ങളുടെ തലപ്പുറത്തുള്ള എഴുന്നള്ളിപ്പ് നടക്കും. കളരികളില്‍ വ്രതം നോറ്റുവരുന്ന ചെറുപ്പക്കാരാണ് കലശ എഴുന്നള്ളിപ്പ് നടത്തുക. ക്ഷേത്രപരിധിയിലെ ദേവസ്ഥാനങ്ങളില്‍ കലശം കഴിഞ്ഞാല്‍ അടുത്ത തുലാപ്പത്തിനാണ് വീണ്ടും തെയ്യോത്സവങ്ങള്‍ നടക്കുക.