
മാരകലഹരി വസ്തുക്കൾ സാമൂഹിക വിപത്തായി മാറുകയും, യുവജനങ്ങളും, വിദ്യാർത്ഥികളും ഇതിന്റെ ഇരകളായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ലഹരി വിപത്തിനെതിരെ ശക്തമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പ് മന്ത്രിമാരുടെയും , ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിൻറെ ഭാഗമായി
കായിക വകുപ്പ് ലഹരി വിമുക്ത ക്യാമ്പയിനായ ‘ കിക്ക് ഡ്രഗ്ഗ് ‘ എന്ന പേരിലുള്ള പ്രചരണ പരിപാടി 2025 മെയ് 5 – ന് കാസർകോട് നിന്ന് ആരംഭിച്ച് 14 ജില്ലകളിലൂടെയും കടന്ന് മെയ് 22 ന് എറണാകുളം ജില്ലയിൽ അവസാനിക്കും .
എല്ലാ ജില്ലയിലും ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന മിനി മാരത്തോൺ , വാക്കത്തോൺ തുടങ്ങിയ വൈവിധ്യമാർന്ന പ്രചരണ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്നതാണ്. രാവിലെ ആറിന് പാലക്കുന്ന് നിന്ന് ആരംഭിക്കുന്ന മിനി മാരത്തോൺ എട്ടുമണിക്ക് വിദ്യ നഗർ കലക്ടറേറ്റ് പരിസരത്ത് സമാപിക്കും തുടർന്ന് കലക്ടറേറ്റിൽ നിന്നും കാസർഗോഡ് ബസ്റ്റാൻഡ് പരിസരത്തേക്ക് വാക്കത്തോൺ സംഘടിപ്പിക്കും. ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം 2025 മെയ് 5 ന് രാവിലെ 8ന് കാസറഗോഡ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കായിക വകുപ്പ്മന്ത്രി വി.അബ്ദുൾ റഹ്മാൻ നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ജില്ലയിലെ സമാപനം വൈകുന്നേരം 3 മണിക്ക് ചെറുവത്തൂർ ബസ്സ് സ്റ്റാന്റിന് സമീപത്ത് നിന്ന് ആരംഭിച്ച് ദേശീയപാത വഴി കാലിക്കടവ് ഗ്രൗണ്ടിൽ സമാപിക്കും.
ഇതിൻ്റെ മുന്നോടിയായി കലക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകനയോഗത്തിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു