
ബേക്കല്‍: കേരളത്തിന്റെ തനതായ നാട്ടുവൈദ്യം ആയുര്‍വേദമാണെന്ന് കോടതികള്‍ പോലും കൃത്യമായി വിലയിരുത്തിയ സാഹചര്യത്തില്‍ നാട്ടു ചികിത്സ കൗണ്‍സില്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്ന് ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എഎംഎഐ) 46-ാം കാസര്‍കോട് ജില്ലാ സമ്മേളനം പ്രധാന പ്രമേയമായി ആവശ്യപ്പെട്ടു. ആയൂര്‍വേദം നിലവില്‍ കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ ഭാഗമായി അംഗീകരിക്കപെട്ട ചികിത്സാരീതിയാണ്. അതുകൊണ്ടു നാട്ടു ചികിത്സ കൗണ്‍സില്‍ രൂപീകരണം എന്ന പേരില്‍ ബജറ്റില്‍ വന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആ തുക ആയൂര്‍വേദ ഗവേഷണത്തിന് ഉപയോഗിക്കണമെന്നും സമ്മേളനം സര്‍ക്കാരിനാട് ആവശ്യപെട്ടു. കാസര്‍കോട് ജില്ലയിലെ ബേക്കല്‍, റാണിപുരം മേഖലകള്‍ കേന്ദ്രീകരിച്ച് ആയുര്‍വേദ വെല്‍നസ് ടൂറിസം നടപ്പിലാക്കണമെന്നുള്ള ആവശ്യവും സമ്മേളനം പ്രമേയമായി അവതരിപ്പിച്ചു. ബേക്കലില്‍ നടന്ന സമ്മേളനം പ്രശസ്ത സാഹിത്യകാരന് ഡോ. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. അജിത്ത് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ആപ്ത എഡിറ്റര്‍ ഡോ. എം വി വിനോദ് കുമാര്‍ മുഖ്യാത്ഥിതിയായി. എഎംഎഐ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഡോ.രഞ്ജിത്ത് കെ ആര്, കെഎസ്ജിഎഎംഒഎ സെക്രട്ടറി ഡോ.ഷാഹിദ് എം, എഎംഒഎ സെക്രട്ടറി ഡോ. സീമ ജി കെ എന്നിവര്‍ സംസാരിച്ചു. ഡോ. അഖില്‍ മനോജ് അനുശോചന പ്രമേയവും ഡോ.സുധീര്‍ എം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടും ഡോ. ശ്രുതി പണ്ഡിറ്റ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടും ഡോ ദീപ എ വനിതാ കമ്മിറ്റി റിപ്പോര്‍ട്ടും ഡോ. കൃഷ്ണകുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും ഡോ.സുധീര്‍ എം പാനലും അവതരിപ്പിച്ചു. ഡോ. ആര്യ എ ആര് സ്വാഗതം പറഞ്ഞു. അര നൂറ്റാണ്ടായി സേവനം അനുഷ്ഠിച്ച് വരുന്ന അസോസിയേഷന് അംഗം ബന്തടുക്കയിലെ ഡോ. എ ചക്രപാണിയെ ചടങ്ങില്‍ ആദരിച്ചു. ഇന്റര്‍സോണ്‍ കലോത്സ വിജയി ഇന്ദുലേഖ എം, കേരള സ്കൂള്‍ ശാസ്ത്രോത്സവ വിജയി അലന് സാത്വിക് എന്നിവരെ അനുമോദിച്ചു. അസോസിയേഷന് നടത്തിയ വിഷുക്കണി മത്സരത്തില്‍ വിജയിച്ച ഡോ. സജിന ശശിധരന്, ഡോ. ദിവ്യ ദാമോധരന്, ഡോ.അപര്‍ണ്ണ പി കെ എന്നിവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി ഡോ. അജിത്ത് നമ്പ്യാരെ പ്രസിഡന്റായും ഡോ. ശ്രുതി പണ്ഡിറ്റിനെ സെക്രട്ടറിയായും ഡോ. കൃഷ്ണ കുമാറിനെ ട്രഷറര്‍ ആയി വീണ്ടും തെരഞ്ഞെടുത്തു.