
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗം ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ത്രിതല പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികൾ സെക്രട്ടറിമാർ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഇതിനകം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടത്തിയ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ വിശദീകരിച്ചു
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ദുരന്ത നിവാരണത്തിന് സ്വീകരിച്ചിരിക്കുന്ന നടപടികൾ, ദുരന്തസാധ്യത മേഖലകൾ, അപകട സാധ്യത മേഖലയിൽ മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങൾ, അടിയന്തര സാഹചര്യത്തിൽ ആരംഭിക്കേണ്ട ക്യാമ്പുകൾ, മുന്നൊരുക്കങ്ങൾ, കാലവർഷ മുന്നൊരുക്ക ശുചീകരണ പ്രവർത്തനങ്ങൾ, ഖനനം, ക്വാറികൾ, കടലാക്രമണം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, കടലാക്രമണ സാധ്യത മേഖലകളിൽ ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ, മുന്നൊരുക്കങ്ങൾ ,
മലയോര പ്രദേശങ്ങളിലെ ദുരന്ത സാധ്യത മേഖലകൾ, ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സജ്ജരായ വളണ്ടിയർമാർ ,ദുരന്തം നേരിട്ടാൽ അടിയന്തരമായി ഒരുക്കേണ്ട സജ്ജീകരണങ്ങൾ, വൈദ്യുതി കുടിവെള്ളം, ഗതാഗത ക്രമീകരണം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ, ദേശീയപാത നിർമ്മാണം മണ്ണിടിച്ചിൽ വിള്ളൽ തുടങ്ങിയവ യോഗം ചർച്ച ചെയ്തു. ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് വിശദമായ ചർച്ച നടത്തിയിരുന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചിരുന്നു. ഇതിനു പുറമേയാണ് ജില്ലയിലെ പൊതുവായ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ജില്ലാ കലക്ടർ യോഗം വിളിച്ചുചേർത്തത്.