
ഹൈദരാബാദ്: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കൾ ഹൈദരാബാദിൽ പിടിയിൽ. സിറാജുർ റഹ്‌മാൻ (29), സയിദ് സമീർ (28) എന്നിവരാണ് പിടിയിലായത്. ആന്ധ്രാ പ്രദേശ്, തെലങ്കാന പൊലീസുകളുടെ കൗണ്ടർ ഇന്റലിജൻസ് സെൽ നടത്തിയ പരിശോധനയിൽ ആന്ധ്രയിലെ വിഴിനഗരത്തിൽ നിന്നാണ് സിറാജുർ റഹ്‌മാൻ പിടിയിലായത്. പിന്നാലെ ഹൈദരാബാദിൽ നിന്ന് സമീറും അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ഹൈദരാബാദിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായി ഇരുവരും സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടക വസ്‌തുക്കളായ അമോണിയ, സൾഫർ, അലുമിനിയം പൊടി എന്നിവയും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്. അറസ്റ്റിലായ രണ്ടുപേരും നിലവിൽ കസ്റ്റഡിയിലാണെന്നും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. രണ്ട് പ്രതികൾക്കും സൗദി അറേബ്യയിലെ ഐസിസ് ഘടകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.