
മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ കാര്യങ്ങൾ പറഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.എറണാകുളത്ത് ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലായിരുന്നു തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ, ആലപ്പി റിപ്പിൾസ് എന്നിവർക്കുമെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഫ്രാഞ്ചയ്‌സീ ടീമുകൾ നോട്ടീസിന് തൃപ്‌തികരമായ മറുപടി നൽകിയതുകൊണ്ട് തന്നെ അവർക്കെതിരെ തുടർനടപടികൾ വേണ്ടതില്ലെന്നും ടീം മാനേജ്മെന്റിൽ അംഗങ്ങളെ ഉൾപ്പെടുത്തുമ്പോൾ ജാഗ്രത പുലർത്താൻ നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി. കൂടാതെ സഞ്ജുവിന്റെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ് എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകാനും ജനറൽ ബോഡിയോഗത്തിൽ തീരുമാനമായി.