
എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. നാലര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കിട്ടിയത്. കുട്ടിയെ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചാലക്കുടി പുഴയിൽ തെരച്ചിൽ നടത്തിയത്. ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി. കുട്ടിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. ആലുവയില്‍ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നല്‍കിയ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി സന്ധ്യ ആലുവയില്‍ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് വ്യക്തമാക്കി. മൂഴിക്കുളം പാലത്തിന് താഴെ പൊലീസും സ്‌കൂബ ടീമും അടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.