ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ് 9ന് വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആർഡി ചേമ്പറിൽ വർത്താ സമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും. ഈ വർഷം വിദേശതമാനം കൂടുമോ കുറയുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു വിജയം. മന്ത്രിയുടെ ഫലപ്രഖ്യാപനം കഴിഞ്ഞ് നാലുമണിയോടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കുവാൻ കഴിയും.
https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകൾ വഴി ഫലം ലഭ്യമാകും. ഇതിനുപുറമെ പിആർഡി വെബ്സൈറ്റ് വഴിയും ഡിജി ലോക്കർ വഴിയും ഫലം ലഭ്യമാകും. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കേരളത്തിലെ 2964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗൾഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 427021 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. എസ്എസ്എൽസി പരീക്ഷയ്ക്ക് തൊട്ടു പിന്നാലെ പ്ലസ് ടു പരീക്ഷാഫലവും പ്രഖ്യാപിക്കും. മെയ് 21നാണ് പ്ലസ് ടു ഫലപ്രഖ്യാപനം നടക്കുക.