കാഞ്ഞങ്ങാട്: വ്യാപാര- വ്യവസായ രംഗത്തും വിദ്യാഭ്യാസ തൊഴിൽ മേഖലാ രംഗത്തും ഉത്തര മലബാറിൽ അനുദിനം അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട്ടെ ഗതാഗത രംഗം കാര്യക്ഷമമാകാൻ
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നതുൾപ്പെടെ ദീർഘദൂര വണ്ടികളുടെ സ്റ്റോപ്പ് ലഭിക്കുന്നതിന് ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നിവേദനം നൽകി.
കാസർഗോഡ് ജില്ലയുടെ കേന്ദ്ര പട്ടണമായി കാഞ്ഞങ്ങാട് മാറിക്കഴിഞ്ഞു.
ഈ സാഹചര്യത്തിൽ യാത്രാ ദുരിതം പരിഹരിക്കാൻ പൊതുജനങ്ങൾക്കുൾപ്പെടെ ദീർഘദൂര തീവണ്ടികളെ അനുദിനം ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. വന്ദേഭാരത് എക്സ്പ്രസ് തീവണ്ടിക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിച്ചാൽ ഇക്കാര്യത്തിൽ നേരിടുന്ന പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പുനെ – എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, അജ്മീർ – എറണാകുളം മരുസാഗർ എക്സ്പ്രസ്,മംഗലാപുരം – ജമ്മുതാവി നവയുഗ് എക്സ്പ്രസ്, നിസാമുദ്ദീൻ – തിരുവനന്തപുരം, ട്രിവാൻഡ്രം നിസാമുദ്ദീൻ,മംഗലാപുരം – രാമേശ്വരം എക്സ്പ്രസ്, എറണാകുളം – നിസാമുദീൻ എന്നീ വണ്ടികൾക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കുന്നതിനും ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടുന്നതിനും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് നിവേദനത്തിൽ ആവശ്യപ്പെട്ടതായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അറിയിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.കെ.ബാബു, എം.എം. നാരയണൻ ,സുരേഷ് കൊട്രച്ചാൽ, രാജൻ എങ്ങോത്ത് തുടങ്ങിയവർ നിവേദന സംഘത്തിലുണ്ടായിരുന്നു.