തെങ്ങിന് തടം മണ്ണിന് ജലം ജില്ലാതല ഉദ്ഘാടനം നടന്നു. കേരളത്തിൽ വ്യാപകമായി നിലനിന്നിരുന്നതും ജലസംരക്ഷണത്തിൽ വലിയ പങ്ക് വഹിച്ചിരുന്നതുമായ കാർഷിക പ്രവർത്തനമാണ് തെങ്ങിന് തടമെടുക്കൽ. എന്നാൽ സമീപ കാലത്തായി വിവിധ കാരണങ്ങളാൽ ഈ പ്രവർത്തിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഭൂഗർഭ ജല ചൂഷണം തീവ്രമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിന്റെ കാർഷിക സംസ്കാരത്തോട് ചേർന്ന് നിൽക്കുന്ന ഈ തനതായ ജലസംരക്ഷണ പ്രവർത്തനത്തെ വീണ്ടെടുക്കുകയാണ് ‘തെങ്ങിന് തടം മണ്ണിന് ജലം’ എന്ന ഈ ക്യാമ്പയിനിലൂടെ ഹരിത കേരളം മിഷൻ. കാർഷിക വിള വർദ്ധിപ്പിക്കുന്നതിന് ഒപ്പം മഴക്കാലത്ത് കുത്തിയൊലിച്ചു പോവുന്ന മഴ വെള്ളത്തെ തടഞ്ഞു നിർത്തി ജലം സാവധാനത്തിൽ മണ്ണിലേക്ക് ഇറങ്ങുവാനും തത്ഫലമായി ഭൂഗർഭ ജലനിരപ്പ് ഉയർത്തുവാനും തെങ്ങിന് ചുറ്റുമായി നിർമ്മിക്കുന്ന ഈ തടങ്ങൾ സഹായിക്കുന്നു. ബേഡഡുക്ക ഗ്രാമഞ്ചായത്തിലെ കാഞ്ഞിരത്തിങ്കാലിലെ ബേഡകം തെങ്ങുകളുടെ വിത്തു ശേഖരണ തോട്ടത്തിൽ വെച്ചാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ തെങ്ങിന് തടം മണ്ണിന് ജലം ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. വളരെ ഉയരം കൂടിയതും ജലസേചനം വളരെ കുറവ് ആവശ്യമായ ഇക്കോട്ടൈപ്പുകളാണ് ബേഡകം തെങ്ങുകൾ. ഭൂഗർഭ ജല ചൂഷണം അതിതീവ്രമായ കാസറഗോഡ് ജില്ലയിൽ തെങ്ങിന് തടം തീർത്തുകൊണ്ടുള്ള ഈ ജലസംരക്ഷണ ജനകീയ പരിപാടി വളരെ പ്രാധാന്യമുള്ളതാണ്. ഹരിത കേരള മിഷൻ, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ നേതത്വത്തിൽ വിവിധ ജലസംരക്ഷണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണ്. അവക്കൊപ്പം തെങ്ങിന് തടം തീർത്തുകൊണ്ടുള്ള ഈ ജനകീയ ജലസംരക്ഷണ പരിപാടി വരാൻ പോകുന്ന തുലവർഷ മഴയെ മണ്ണിൽ സംരക്ഷിച്ചു വെക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മുന്നേറുകയാണ്.
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ അധ്യക്ഷത വഹിച്ച പരിപാടിയിൽ നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ ക്യാമ്പയിൻ വിശദീകരണം നടത്തി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രമണി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി വരദരാജ്, ബി എം സി കൺവീനർ കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലതാഗോപി സ്വാഗതം പറഞ്ഞു. ഹരിതകേരള മിഷൻ ആർ പി ലോഹിതാക്ഷൻ പി.കെ നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാർഷിക കർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ എന്നിവരും പങ്കെടുത്തു.