ആര്‍.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. ആറ് പ്രതികളുടെ ശിക്ഷ കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തി. നേരത്തെ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാംപ്രതിയുടെയും ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയത്. 2044 വരെ, അഥവാ 20 വര്‍ഷം ഈ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇതിനുപുറമേ, ടി.പി. കേസില്‍ ഏറ്റവുമൊടുവില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവും ഹൈക്കോടതി വിധിച്ചു. കേസില്‍ പ്രതികള്‍ക്കുള്ള പിഴയും കോടതി ഉയര്‍ത്തിയിട്ടുണ്ട്. ഓരോ പ്രതികളും ഒരുലക്ഷം രൂപവീതം പിഴ അടയ്ക്കണം. കെ.കെ. രമയ്ക്ക് ഏഴരലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആര്‍ക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി.പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ല.
പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. വര്‍ഷങ്ങള്‍ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ട്. ജയില്‍ റിപ്പോര്‍ട്ടില്‍ പലതും മറച്ചുവച്ചു. കോടതി ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച മൂന്നുമണിക്കൂറോളമാണ് ഹൈക്കോടതിയില്‍ വാദം നടന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ കുമാരന്‍കുട്ടി, ടി.പി.യെ എന്തിനുവേണ്ടി കൊലപ്പെടുത്തിയെന്ന കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയില്‍ പറഞ്ഞു. ജയിലില്‍ കഴിഞ്ഞ കാലത്ത് പ്രതികള്‍ ഏര്‍പ്പെട്ട ക്രിമിനല്‍പ്രവര്‍ത്തനങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളെക്കുറിച്ച് ജയിലുകളില്‍നിന്ന് നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ഇത്തരം ക്രിമിനല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
അതേസമയം, ടി.പി. ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ ക കൊലപാതകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണ കോടതിയില്‍ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതില്‍കൂടുതലായി പ്രോസിക്യൂഷന്‍ ഒന്നും അവതരിപ്പിച്ചിട്ടില്ല. അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയിലേക്ക് പോകരുതെന്നും പ്രതിഭാഗം ചൊവ്വാഴ്ച കോടതിയില്‍ പറഞ്ഞു.
ശിക്ഷ വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം എടുക്കുന്നതിനായി പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട്, പ്രതികള്‍ ജയിലില്‍ ചെയ്ത ജോലികള്‍ സംബന്ധിച്ച് കണ്ണൂര്‍, തൃശ്ശൂര്‍, തവനൂര്‍ ജയില്‍ സൂപ്രണ്ടുമാരുടെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവയും കോടതി പരിശോധിച്ചു. ഇവയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന തര്‍ക്കം പ്രതിഭാഗം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്.കെ.കെ.രമ, ടി.പി.ചന്ദ്രശേഖരന്‍
ശിക്ഷ സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ തിങ്കളാഴ്ച കോടതി പ്രതികളോട് ചോദിച്ചറിഞ്ഞിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നും വീട്ടില്‍ മറ്റാരുമില്ലെന്ന് ഒന്നാംപ്രതി എം.സി. അനൂപും നിരപരാധിയാണെന്നും വീട്ടില്‍ 80 വയസ്സായ അമ്മ മാത്രമേയുള്ളൂവെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും മറുപടി നല്‍കി.
കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കൊടി സുനിയുടെ വാദം. 78 വയസ്സായെന്നും ചികിത്സയിലാണെന്നും കെ.കൃഷണന്‍ കോടതിയെ അറിയിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ജ്യോതി ബാബുവിന്റെ വിശദീകരണം.
ഫെബ്രുവരി 19-ന് ടി.പി. വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതിശരിവെച്ചിരുന്നു. വെറുതേവിട്ട പത്താംപ്രതി സി.പി.എം. ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗമായിരുന്ന കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ് ലോക്കല്‍കമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബു എന്നിവര്‍ ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്നും കണ്ടെത്തി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടക്കം 22 പേരെ വെറുതേവിട്ടത് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ശരിവെക്കുകയും ചെയ്തു.നേരത്തെ വിചാരണക്കോടതി വിധിച്ച ശിക്ഷ
ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രന്‍, 11-ാം പ്രതി ട്രൗസര്‍ മനോജ്, 13-ാം പ്രതി സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്‍, 18-ാം പ്രതി വായപ്പടച്ചി റഫീഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും പിഴയും 31-ാം പ്രതി കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്നുവര്‍ഷം കഠിനതടവും. ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണില്‍ കുഞ്ഞനന്തന്‍ മരിച്ചു.
2012 മേയ് നാലിനാണ് വടകര വള്ളിക്കാടുവെച്ച് ടി.പി. ചന്ദ്രശേഖരനെ ഒരുസംഘം കാറിടിപ്പിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മില്‍നിന്ന് വിട്ടുപോയി ആര്‍.എം.പി. രൂപവത്കരിച്ചതിലുണ്ടായ പകനിമിത്തം സി.പി.എമ്മുകാരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 36 പ്രതികളായിരുന്നു ആകെ. 2014-ലാണ് കോഴിക്കോട് അഡീഷണല്‍ ജില്ലാകോടതി ശിക്ഷ വിധിച്ചത്.