
കാഞ്ഞങ്ങാട്:സർവ്വേ പൂർത്തിയാവുകയും ആദായകരമെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ 91കിലോമീറ്റർ റെയിൽപ്പാത യാഥാർത്ഥ്യമാക്കാൻ കർണ്ണാടക സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 17 ന് പെരിയ കല്ലിയോട്ടെത്തുന്ന കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് നിവേദനം സമർപ്പിക്കാൻ കാണിയൂർപ്പാത കർമ്മ സമിതി യോഗം തീരുമാനിച്ചു. വിഷയം കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മറ്റ് മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്താനും മാർച്ച് രണ്ടാം വാരത്തിൽ സമിതിയുടെ നിവേദക സംഘം ബംഗ്ളൂരുവിലേക്ക് പോകും.
ഈ മാസം 18 ന് ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കാണാൻ കർമ്മ സമിതി ജനറൽ കൺവീനർ സി.കെ.ആസീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി.
കാഞ്ഞങ്ങാട് റെയിൻവേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്ര മന്ത്രിമാരുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിൽപ്പെടുത്തും. സമിതി ചെയർമാൻ അഡ്വ:പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി.ജനറൽ കൺവീനർ സി.കെ.ആസീഫ്,വൈസ് ചെയർമാൻ സി.കെ.യൂസഫ് ഹാജി,അഡ്വ: എം.സി.ജോസ്,ടി.മുഹമ്മദ് അസ്ലം,കുഞ്ഞിക്കണ്ണൻ കക്കാണത്ത്,എൻ.അശോക് കുമാർ,എ.ഹമീദ് ഹാജി,അജയകുമാർ നെല്ലിക്കാട്ട്,സൂര്യനാരായണ ഭട്ട്,സി.എ. പീറ്റർ,പി.മഹേഷ്,എം.കുഞ്ഞികൃഷ്ണൻ, ഐശ്വര്യ കുമാരൻ, കെ.മുഹമ്മദ് കുഞ്ഞി,ഇ കെ കെ പടന്നക്കാട്, കെ.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു.