സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക വകയിരുത്തിയതിന് ആനുപാതികമായി കേരളത്തിന് പണം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രസ്താവനയില്‍ പറഞ്ഞു. നികുതി വിഹിതം വർദ്ധിപ്പിച്ചത് പ്രകാരം ഈ വർഷം 23, 48,082 കോടി രൂപ കേരളത്തിന് അധികം ലഭിക്കും. ഇതോടെ കേന്ദ്ര വിരുദ്ധ സമരത്തിനിറങ്ങിയ സംസ്ഥാന സർക്കാരിന്റെ വാദങ്ങളുടെ മുന ഒടിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.കേന്ദ്രദുരന്തനിവാരണ നിധി, മൂലധന ചെലവുകള്‍ക്കായുള്ള കേന്ദ്രസഹായം എന്നിവയിലും 27,717 കോടി രൂപയുടെ വര്ദ്ധനവുണ്ട്.
ആനുപാതികമായി ഇതിന്റെ നേട്ടവും കേരളത്തിനുണ്ടാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രപദ്ധതികള്‍, മറ്റ് പദ്ധതികള്‍ എന്നിവയില്‍ 45,000 കോടി രൂപയുടെ വര്ദ്ധനവുണ്ട്. ഈ വര്‍ദ്ധനവിന്റെ ഗുണവും കേരളത്തിന് കിട്ടും. എന്നാല്‍ ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കേന്ദ്രപദ്ധതികളും ആത്മാര്‍ഥതയോടെ നടപ്പിലാക്കിയാല്‍ മാത്രമേ ഇതിന്റെ നേട്ടം കേരളത്തിന് അനുഭവിക്കാന്‍ കഴിയുകയൂള്ളൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു.
നാണ്യപ്പെരുപ്പം കുറക്കുന്നതും വളർച്ചാ നിരക്ക് 7% നിലനിർത്തുന്നതും രാജ്യത്തിന് നേട്ടമാവും. വനിതാ ക്ഷേമം ഉറപ്പുവരുത്താൻ വനിത കൂടിയായ ധനമന്ത്രിക്ക് സാധിച്ചു. രണ്ട് കോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പുതുതായി നിർമ്മിക്കുക. ഒരു കോടി വീടുകളിൽ സൗരോർജ പാനലുകൾ നൽകുന്നത് പുതിയ ചുവടുവെപ്പാവും. ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. മത്സ്യസമ്പദ് യോജന വിപുലപ്പെടുത്തുന്നത് മത്സ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസകരമാവും. തൊഴിൽ അവസരങ്ങൾ വർദ്ധിക്കുന്നത് യുവാക്കൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
യുപിഎ സർക്കാരിനെ അപേക്ഷിച്ച് 700 ഇരട്ടി അധികമാണ് റെയിൽവെക്ക് അനുവദിച്ചിരിക്കുന്നത്. 2744 കോടി രൂപ കേരളത്തിലെ റെയിൽവെ വികസനത്തിന് അനുവദിച്ചു. 92 മേൽപ്പാലങ്ങളും 35 അമൃത് സ്റ്റേഷനുകളുമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേരളത്തിന് ഏറ്റവും കരുതൽ നൽകിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.