
കാസർകോട്: സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനിയുടെ ആദ്യകാല ലേഖകനുമായിരുന്ന സി കൃഷ്ണൻ നായരുടെ സ്‌മരണക്കായി കാസർകോട് ഇ എം എസ് പഠനകേന്ദ്രം കുടുംബവുമായി ചേർന്ന് തയ്യാറാക്കിയ മാധ്യമ അവാർഡ് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബന്. മരണശേഷം സ്വന്തം ശരീരം പഠനാവശ്യങ്ങൾക്കായി കൈമാറുന്നത് സംബന്ധിച്ച വാർത്താ പരമ്പരക്കാണ് അവാർഡ്.
പതിനായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ് 14ന് കാലിക്കടവിൽ നടക്കുന്ന അനുസ്‌മരണ പൊതുയോഗത്തിൽ സമ്മാനിക്കും.
ഡോ. വി പി പി മുസ്‌തഫ, ഡോ. സി ബാലൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. തൊടുപുഴ സ്വദേശിയായ ആർ സാംബൻ ദേശാഭിമാനിയിൽ നിന്നും ന്യൂസ് എഡിറ്ററായി വിരമിച്ച ശേഷമാണ് ജനയുഗത്തിൽ ചേർന്നത്. നിരവധി മാധ്യമ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തൊടുപുഴ കോലാനി ഓവൂർ കുടുംബാംഗമാണ്. ഭാര്യ സേതുമോൾ മക്കൾ : സാന്ദ്ര, വൃന്ദ.