കാര്യങ്കോട് പാലത്തിൽ നിന്നും ചാടി ആത്മഹത്യക്കുരുങ്ങിയ മധ്യവയസ്കനെ പിന്തിരിപ്പിച്ച് നീലേശ്വരം പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ മാതൃകയായി. തൃക്കരിപ്പൂരിലെ വീട്ടിൽ നിന്ന് നീലേശ്വരത്തേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന സിപിഒ, ഒവി.ഷജിൽ കുമാറാണ് കാര്യങ്കോട് പാലത്തിന് സമീപം 50 വയസ്സുകാരനെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്. ബൈക്ക് നിർത്തി സംസാരിച്ചപ്പോഴാണ് ഇയാൾ പൊട്ടിക്കരഞ്ഞു ആത്മഹത്യ ചെയ്യാൻ വന്നതാണെന്ന് അറിയിച്ചത്. ഷജിൽകുമാർ ഇദ്ദേഹത്തെ നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നീലേശ്വരം പോലീസ് ഇൻസ്പെക്ടർ, കെ.വി.ഉമേശൻ, സ്റ്റേഷൻ പിആർഒ, കെ.പി.പ്രദീപ്, റൈറ്റർ എം.മഹേന്ദ്രൻ എന്നിവർ ഷജിൽ കുമാറിൻ്റെ സാന്നിധ്യത്തിൽ ഇദ്ദേഹത്തോട് സംസാരിച്ചു. മക്കളെ വിളിച്ചു വരുത്തി ഇദ്ദേഹത്തെ അവർക്കൊപ്പം പറഞ്ഞുവിട്ടു. അവസരോചിതമായ ഇടപെടലിലൂടെ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനായതിൽ മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും ഷജിൽ കുമാറിനെ അഭിനന്ദിച്ചു